.
XyberSec

XyberSec • Join Our Growing Community Of Kerala Hackers

ഒരു ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം

ഒരു ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം

ഒരുപക്ഷെ കെ എം മാണിയുമായി ബന്ധപ്പെട്ട കോഴവിവാദത്തിൽ ആയിരിക്കണം മലയാളികൾ ശരിയായി ‘ഹാഷ്ടാഗ്’ എന്ന സംഗതി കാര്യമായിട്ട് ഉപയോഗിച്ചത് എന്ന് തോന്നുന്നു. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് പലർ സോഷ്യൽ മീഡിയയുടെ പല ഭാഗങ്ങളിലും അഭിപ്രായങ്ങൾ രേഖപ്പെടുത്തുമ്പോൾ പൊതുവായി ഉപയോഗിക്കുന്ന ടാഗ് ലൈനുകളാണ് ഹാഷ് ടാഗുകൾ (ഹാഷ് സിംബലിനു (#) ശേഷം സ്പേസ് ഇടാതെ, ഒരു വിഷയവുമായി ബന്ധപ്പെട്ട, മറ്റു ആളുകള് കൂടുതലായി ഉപയോഗിക്കുന്ന കീവേഡുകൾ/ഫ്രെയ്സുകൾ). ആ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ എല്ലാം തന്നെ ഈ ഹാഷ് ടാഗിൽ ക്ലിക്ക് ചെയ്‌താൽ ഒരുമിച്ചു കാണുകയും പൊതുവായ അഭിപ്രായ രൂപീകരണം എങ്ങനെയെന്നും അറിയാൻ കഴിയും. കിസ്സ്‌ ഓഫ് ലവ്വും നില്പ്പ് സമരവും ഒക്കെ നടന്നപ്പോളും നമ്മുക്ക് ഇത്തരത്തിൽ ഹാഷ് ടാഗുകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ് (ട്വിറ്ററില്‍ Kiss Of Love ട്രെന്ഡ് ചെയ്യ്തു എന്നത് ശരിയാണ്). പ്രതിഷേധത്തിന്റെ രാഷ്ട്രീയം മാറ്റിവെച്ചു പരിശോധിച്ചാൽ #entevaka500 ആയിരിക്കും മലയാളിയുടെ ആദ്യത്തെ നേരേ ചൊവ്വേയുള്ള ഹാഷ് ടാഗ് ഉപയോഗം. ഹാഷ് ടാഗ് ഉപയോഗം കൊണ്ടുള്ള പ്രയോജനങ്ങൾ പലതാണ്, അതാതു മീഡിയയിൽ നാം സംസാരിക്കുന്ന വിഷയത്തിന് കൂടുതൽ പ്രാമുഖ്യം നല്കാനും അതുവഴി കൂടുതൽ ആളുകളിലേക്കും മറ്റു മുഖ്യധാരാ മാധ്യമങ്ങളിലേക്കും ഈ വിഷയം എത്തിക്കാനും കഴിയും (Trending). പിന്നീട് കഴിഞ്ഞ ദിവസം സി എൻ എൻ ഐ ബി എൻ ഇന്ത്യൻ ഓഫ് ദി ഇയർ അവാർഡിലേക്ക് പി വിജയൻ ഐ പി എസിനെ വോട്ട് ചെയ്തു മുന്നില് എത്തിച്ചതാണ് മലയാളിയുടെ പിന്നീടുള്ള ഹാഷ്ടാഗ് ഉപയോഗം.#iotyPVijayan എന്ന് സ്വന്തം പ്രൊഫൈലിൽ പോസ്റ്റ്‌ ചെയ്യണം എന്ന സന്ദേശം പരക്കെ പ്രചരിച്ചപ്പോളും പലരും ഇതെന്താണ് എന്നറിയാതെയാണ് പോസ്റ്റ്‌ ചെയ്തത് എന്ന് ചില മെസ്സേജുകൾ കണ്ടപ്പോൾ മനസ്സിലായി, എങ്കിൽ പോലും കൃത്യമായി തന്നെ ഹാഷ്ടാഗ് ഉപയോഗിച്ചത്തുകൊണ്ട് വലിയൊരു മുന്നേറ്റം ഒരു ദിവസം കൊണ്ട് മലയാളികള്ക്ക് ഉണ്ടാക്കാൻ കഴിഞ്ഞു. ലാലിസവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ഉപയോഗമാണ് ഏറ്റവും ഒടുവിൽ ഉള്ളത്. #Lalisom എന്ന ടാഗ് കുറെ ദിവസങ്ങൾക്കു ശേഷം #LOLisom എന്ന പരിഹാസത്തിലേക്കു മാറിയത് ഹാഷ്ടാഗിന്റെ spontaneous ഉപയോഗമായി കാണാം. ഏറ്റവും ഒടുവിൽ ഇന്ന് #LalismGiveBackOur2Crore ഹാഷ്ടാഗും നിമിഷ നേരം കൊണ്ട് പിറന്നു. ആഷിഖ് അബുവിന്റെ പോസ്റ്റിലെ ഒരു ഭാഗം ഇളക്കിയെടുത്തു ഉണ്ടാക്കിയ #entevaka500 മാണി സാർ രാജി വെക്കരുത് എന്ന് ആവശ്യപ്പെടുന്ന സെൽഫി വീഡിയോകളുടെ പിൻബലത്തോടെയാണ് പ്രസിദ്ധി ആർജ്ജിച്ചത്. ടി വി ന്യൂ ചാനലിലെ തൊഴിലാളി സമരവും ഫേസ് ബുക്കിലേക്ക് കടന്നത്‌ കഴിഞ്ഞ ദിവസമാണ് #TVnewജീവിതസമരം എന്ന ഹാഷ്ടാഗും ചാനൽ ഓഫീസിൽ കഞ്ഞി വെച്ചു താമസിക്കുന്നതിന്റെ വീഡിയോയും സമര സെൽഫിയുമായിരുന്നു പ്രധാന ഹൈലൈറ്റ്. കുടിൽ കെട്ടി സമരത്തെക്കാൾ കാര്യക്ഷമം എന്ന് ഞാൻ പറയും, കുടിൽ കെട്ടി നടത്തുന്ന സമരം എത്ര പേർ അറിയും, അല്ലെങ്കിൽ എത്ര മുഖ്യധാരാമാധ്യമങ്ങൾ അത് റിപ്പോർട്ട്‌ ചെയ്യും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിവുള്ള കാര്യമാണ്. ടി വി ന്യൂ സമരത്തിനു അല്പമെങ്കിലും ജനശ്രദ്ധ കിട്ടിയെങ്കിൽ അതിതിലൂടെ മാത്രമാണ്. ടാൻസാനിയയിലെ കിച്ചങ്കനി ഗ്രാമത്തിൽ ഒരു ലൈബ്രറി നിർമ്മിക്കാൻ ശ്രമിക്കുന്ന സോമി സോളമൻ കൊണ്ട് വന്ന മറ്റൊരു ഹാഷ്ടാഗ് ആണ്#WithKichangani. ലൈബ്രറിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സോർട്ട് ചെയ്യാൻ സോമിയെ വലിയൊരു അളവിൽ ഈ ഹാഷ്ടാഗ് സഹായിക്കും എന്നതിൽ സംശയമില്ല. ഇനിയുള്ള ദിവസങ്ങളിൽ ലാലിസം ആയിരിക്കും ഹാഷ്ടാഗുകളിൽ ഒന്നാമൻ, ഒരു പക്ഷെ നാളെ ബാക്ക്ഗ്രൗണ്ടിൽ പ്ലേ ചെയ്യുന്ന പാട്ടിനൊപ്പം ലിപ് സിങ്ക് ചെയ്യുന്ന വ്യക്തികളുടെ സെൽഫി വീഡിയോകൾ ആയിരിക്കില്ല ഈ ടാഗുകൾക്ക് താഴെ വരാൻ ഇരിക്കുന്നതെന്ന് ആര് കണ്ടു. ചുരുക്കത്തിൽ വിവിധ ഇടങ്ങളിൽ ചിന്നി ചിതറി നടന്നിരുന്ന ചർച്ചകൾ ഒരുമിപ്പിക്കാൻ ഇനിയെങ്കിലും മലയാളിയുടെ ഈ ഹാഷ്ടാഗ് ഉപയോഗം ഉപകരിക്കും. അപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം, അക്ഷര തെറ്റ് കൂടാതെയും, ദൈർഖ്യം കുറവുമുള്ള ഹാഷ്ടാഗുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുന്ന. എളുപ്പത്തിൽ മനസ്സിൽ നില്ക്കുന്നതും,കുറിക്കുകൊള്ളുന്നതും, മറ്റുള്ളവർക്ക് വേഗം മനസ്സിലാകുന്നതും, പൊതുവായി ഉപയോഗിക്കുന്നതുമായ ടാഗുകളാണ്‌ നമ്മുക്ക് വേണ്ടത്. ഉദാഹരണത്തിന് ലാലിസവുമായി ബന്ധപ്പെട്ട പോസ്റ്റുകളിൽ #Lalisom#Lalism എന്നീ രണ്ടു ടാഗുകൾ കാണുന്നുണ്ട്. സത്യത്തിൽ ആ പ്രോഗ്രാമിന്റെ പേര് ‘Lalisom’ എന്നാണു, അക്ഷരങ്ങൾ മാറിയാൽ പോലും ഹാഷ്ടാഗുകൾ വിഭജിച്ചു പോകുമെന്ന് ഓർക്കുക.#Telangana ക്ക് പകരം #Telengaana എന്നോ #Thelengana എന്നോ ചേർത്താൽ ഹാഷ്ടാഗ് ഉപയോഗിക്കുന്നതിന്റെ വിപരീത ഫലമേ ഉണ്ടാകൂ. അതുപോലെ സ്പേസ് ഇടാതിരിക്കുക#IndianElections എന്നതിന് പകരം #India Elections എന്ന് ആഡ് ചെയ്തിട്ട് കാര്യമില്ല. അതുപോലെ തന്നെ underscore (_) ഉപയോഗിച്ച് വലിച്ചു നീട്ടി ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതും നല്ല്ലതല്ല, മറ്റാരും തന്നെ ഉപയോഗിക്കില്ല എന്നത് തന്നെ (#Nee_pwolichu_bro എന്ന രസകരമായ ടാഗ് ഇവിടെ ഓർക്കാം).
ദേശീയ രാഷ്ട്രീയ പ്രചാരണ തന്ത്രങ്ങളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമാണ് ഹാഷ്ടാഗുകൾ. ദേശീയ പാർട്ടികൾ തമ്മിൽ ഹാഷ്ടാഗ് യുദ്ധങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. ബദൽ ഹാഷ്ടാഗ്കൾക്കും ഇടമുണ്ട് എന്നതാണ് പ്രത്യേകത, ഉദാഹരണത്തിന് മാണിക്കെതിരായി #entevaka500 വന്നപ്പോൾ മാണിയുടെ പാർട്ടി ഓണ്‍ലൈൻൽ സജീവമെങ്കിൽ ബദൽ ഹാഷ്ടാഗ് ഉണ്ടാക്കി മേല്ക്കൈ നേടാം. ഡൽഹിയിൽ ആം ആദ്മി പാര്ട്ടിയും ബി ജെ പിയും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഈ രീതിയാണ്. അതിന്റെ തുടർച്ചയായി പല ദേശീയ ചാനലുകളുടെയും വാര്ത്തകള്ക്ക് ഒപ്പം ഇത്തരം ഹാഷ്ടാഗുകൾ സ്ക്രീനിൽ പ്രദര്ശിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. മാധ്യമങ്ങളെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായവും ആ വിഷയത്തിലെ പുരോഗതികളും അപ്പപ്പോൾ മനസ്സിലാക്കാൻ ഇതുപകരിക്കും. കഴിഞ്ഞ ദിവസം ഫേസ് ബുക്ക് കുറച്ചു സമയത്തേക്ക് നിലച്ചപ്പോൾ ഫേസ് ബുക്കിന്റെ അവസ്ഥ അറിയാൻ ആളുകൾ കൂടുതൽ ആശ്രയിച്ചത് ട്വിറ്റെർ ആണ് (#ThingsIDidWhenFacebookWasDown എന്ന ടാഗും നിമിഷ നേരം കൊണ്ടുണ്ടായി). ചുരുക്കത്തിൽ സോഷ്യൽ മീഡിയ ആശയ വിനിമയങ്ങളെ കൂടുതൽ കാര്യക്ഷമം ആക്കാൻ ഹാഷ്ടാഗുകളുടെ ഉപയോഗം കാര്യമായി തന്നെ സഹായിക്കും. നമ്മുടെ മലയാളം ചാനലുകളിലെ അന്തിച്ചർച്ചകളിലും പത്രങ്ങളിലും ഓരോ ഹാഷ്ടാഗുകൾ ഉപയോഗിക്കാനും അതുവഴി ‘audience engagement’ കൂട്ടാനും സഹായിക്കും എന്ന കാര്യത്തിൽ സംശയമില്ല.


വാൽ: സോഷ്യൽ മീഡിയ ഇല്ലായിരുന്നെങ്കിൽ ലാലിസം ‘മികച്ചതായേനെ’, കാരണം സോഷ്യൽ മീഡിയയ്ക്ക് മുൻപ് ചില പത്ര സ്ഥാപനങ്ങളും ചാനലുകളും ആയിരുന്നല്ലോ നമ്മുടെ അഭിപ്രായം നിർണ്ണയിച്ചിരുന്നത്, രതീഷ്‌ വേഗയ്ക്കും മോഹൻലാലിനും സോഷ്യൽ മീഡിയയോട് വെറുപ്പ്‌ തോന്നിയാൽ അതിൽ അത്ഭുതപ്പെടാനില്ല.

ഇത് Jikku Varghese Jacob എഴുതിയ ലേഘനം… ഒരു ഹാഷ്ടാഗ് വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഫേസ്ബുക്ക്, ട്വിറ്ററിനുമപ്പുറം ചര്‍ച്ചകളെത്തിക്കാന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ ഇടം ആരംഭിക്കുകയാണ് “ViralKerala“.

കേരളത്തില്‍ വൈറലായി കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങളും പൂര്‍ണ്ണമായും ഓപ്പണായി ചര്‍ച്ച ചെയ്യാനൊരിടം… ഇപ്പോള്‍ ജോയിന്‍ ചെയ്യാം… സന്ദര്‍ശിക്കുക, http://viralkerala.com/

Enjoying these posts? Subscribe for more
Subscribe now

Subscribe to be notified of new content and support XyberSec! You'll be a part of the community helping keep this site independent and ad-free.

You've successfully subscribed to XyberSec
Great! Next, complete checkout for full access to XyberSec
Welcome back! You've successfully signed in
Success! Your account is fully activated, you now have access to all content.